
ചിലരെ ഒരിക്കൽ പരിചയപ്പെട്ടാൽ ജീവിതത്തിൽ പിന്നീട് മറക്കില്ല. അത്തരം ഒരാളെ കണ്ടുമുട്ടിയ കഥയാണിത്. 1980 ൽ കേന്ദ്ര സർക്കാർ വകുപ്പിൽ ഹൈദരാബാദിൽ ജോലി ചെയ്യുന്ന കാലം. ഏതോ ആവശ്യത്തിന് ഡൽഹിയിൽ പോയി തിരികെ ഗ്രാൻഡ് ട്രങ്ക് എക്സ്പ്രെസ്സിൽ (ഡൽഹി – ചെന്നൈ GT എക്സ്പ്രസ്സ്) രാത്രിയിൽ എപ്പോഴോ കാസിപ്പെട്ട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. അതിരാവിലെ ഹൈദരാബാദിനുള്ള കണക്ഷൻ ട്രെയിൻ കാത്ത് ഫസ്റ്റ് ക്‌ളാസ് വെയ്റ്റിംഗ് റൂമിൽ വിശ്രമിക്കാൻ തുടങ്ങുമ്പോഴാണ് കഥാപാത്രം രംഗപ്രവേശം ചെയ്യുന്നത്. ഞാൻ ഏതാണ്ട് പാതി മയക്കത്തിലായിരുന്നു.
ഇന്നത്തെപ്പോലെയല്ല. ഇന്ത്യൻ റയിൽവെയുടെ സുവർണ്ണകാലമെന്നൊക്കെ പറയാം. ബ്രിട്ടീഷ് ഇന്ത്യയുടെ കൊളോണിയൽ ശേഷിപ്പുകളുടെ നേർക്കാഴ്ചകളും അനുഭവങ്ങളും അക്കാലത്തെ ട്രയിൻ യാത്രകളിൽ സുലഭമായിരുന്നു. ഒന്നാം ക്‌ളാസ് യാത്രക്കാർക്ക് പ്ലാറ്റഫോമിൽ നിന്ന് ഭക്ഷണവും മറ്റുമെത്തിക്കാൻ സ്പെഷ്യൽ അറ്റെൻഡന്റും ഉയർന്ന ക്‌ളാസ്സുകളുടെ വൈറ്റിംഗ്‌റൂമുകളിൽ പ്രത്യേക പരിഗണകളുമുണ്ടായിരുന്നു.
GT എക്സ്പ്രെസ്സിനുമുണ്ടായിരുന്നു ഒരു സുവർണ്ണകാലം. പേഷ്വാറിൽനിന്നു തുടങ്ങി മംഗലാപുരം വരെ രണ്ടു ബോഗികളിലായിരുന്നു തുടക്കം. പിന്നീട് ചെന്നൈ -ഡൽഹിയായപ്പോൾ പലേടത്തുനിന്നും വരുന്ന കോച്ചുകൾ ഘടിപ്പിച്ച ഏതാണ്ട് ഇരുപതു ബോഗികളുള്ള പേരും പെരുമയുമുള്ള സൂപർ എക്സ്പ്രസ് ആയി GT. കൊച്ചിയിൽ നിന്ന് ഫസ്റ്റ് ക്ലാസും സെക്കന്റ് ക്‌ളാസും തേർഡ് ക്‌ളാസ്സുമടങ്ങുന്ന ഒരു ബോഗി ഐലൻഡിൽ നിന്ന് യാത്ര ആരംഭിക്കുന്ന രാത്രി വണ്ടിയായ ടീ ഗാർഡൻ ഏക്സ്പ്രെസ്സിൽ തുടങ്ങി ഷൊർണൂരിൽ വച്ച് വിഘടിപ്പിച്ച് വീണ്ടും മംഗലാപുരം മെയിലിൽ ബന്ധപ്പെടുത്തി രാവിലെ മദ്രാസ് സെൻട്രലിനടുത്തുള്ള ബേസിൻ ബ്രിഡ്ജ് ഷണ്ടിങ് യാർഡിലെത്തി ഒരു പകൽ മുഴുവൻ കിടന്ന ശേഷം വൈകിട്ടത്തെ GT യിൽ രണ്ടു രാവും പകലുമടങ്ങുന്ന ഡൽഹി യാത്ര ഒരനുഭവം തന്നെയായിരുന്നു. നെല്ലൂർ, വിജയവാഡ, കാസിപ്പെട്ട് , ബാൽഹർഷ സിരുപ്പൂർ കാഗസ് നഗർ, നാഗ്പുർ, ഇറ്റാർസി ബീന, ഝാൻസി, ഭോപ്പാൽ, ധോൽപൂർ, ആഗ്ര – ജനപഥങ്ങൾ, ഭാഷകൾ, ഭക്ഷണ രീതികൾ എന്തൊരു വൈവിധ്യമായിരുന്നു അന്നൊക്കെ. ഇപ്പോൾ എല്ലാടവും ഒരുപോലെ. ആകെ ശീതീകരിച്ച അടച്ചു പൂട്ടിയ കമ്പാർട്മെന്റുകളും, ട്രെയിനിൽ തന്നെയുള്ള അടുക്കളയും കവർന്നെടുത്ത യാത്രാനുഭവങ്ങൾ. റയിൽവെയുടെ ചരിത്രത്തിൽ അപൂർവ സ്ഥാനമുള്ള ജംക്ഷൻ ആണ് കാസിപ്പെട്ട്. ചെന്നൈയിൽനിന്നു ഡെൽഹിക്കുള്ള റെയിൽ ലൈൻ തുടക്കത്തിൽ ബോംബെ വഴിയായിരുന്നു . പിന്നീട് കാസിപ്പെട്ടിൽ നിന്ന് ബാൽഹർഷാ വരെ പുതിയ ലിങ്ക് ലൈൻ ഇട്ടപ്പോൾ ഡൽഹി ചെന്നൈ ദൂരം ഏതാണ്ട് 200 കിലോമീറ്റർ കുറവായി. രൂക്ഷ ജലക്ഷാമമുള്ള ഉണങ്ങിവരണ്ട കാസിപ്പെട്ട് അത്ര ജനവാസമുള്ള സ്ഥലമൊന്നുമായിരുന്നില്ല. റെയിൽവേ സ്റ്റേഷൻ തന്നെയായിരുന്നു പ്രധാന സ്ഥാപനം. അതിനു ചുറ്റും വാറംഗലും, ഹമ്മൻകോണ്ടയുമൊക്കെ പിന്നീട് പട്ടണങ്ങളായി വളർന്നു. എന്തിനാണെന്നറിയില്ല, ഇവിടെ ജി ടി എക്സ്പ്രസ്സ് ഏറെ നേരം നിർത്തിയിടുമായിരുന്നു.

പറഞ്ഞു വന്ന കഥ പാതി വഴിയിലാണ്. 1980 – കാസിപെട്ടിലെ ഫസ്റ്റ് ക്‌ളാസ്സ് വെയ്റ്റിംഗ്ഗ് റൂം. സമയം രാത്രി പത്തുമണിയോടടുക്കുന്നു. പാതി മയക്കത്തിലായിരുന്നു എന്നോട് നല്ല ഉച്ചാരണശുദ്ധിയുള്ള ആംഗലേയ ഭാഷയിൽ ആരോ ചോദിക്കുന്നു. ഹൌ ആർ യു സർ? കണ്ണ് തുറന്നു നോക്കിയപ്പോൾ വെളുത്തു ചുവന്ന സുമുഖനായ ഒരു മദ്ധ്യ വയസ്കൻ. എന്നെപ്പോലെ തന്നെ ഏതോ ദീർഘദൂര ട്രെയിനിൽ വന്നിറങ്ങി ഹൈദരാബാദിനു പോകാൻ കാത്തിരിക്കുകയാണ്. പരിചയപ്പെടാനുള്ള ധൃതിയിലാണെന്നു തോന്നുന്നു. അപരിചിതരെ പരിചയപ്പെടുന്നതിലുള്ള എല്ലാ സങ്കോചവും എനിക്കുണ്ട്. അദ്ദേഹം വിടുന്ന മട്ടില്ല. പേരുപറഞ്ഞു – ഡി കോസ്റ്റായെന്നോ ഡി കുണയെന്നോ മറ്റോ ആയിരുന്നെന്നാണ് ഓർമ്മ. സൗത്ത് സെൻട്രൽ റെയിൽവേയിലെ ഉദ്യോഗസ്ഥൻ. ആംഗ്ലോ ഇന്ത്യൻ. കമ്പി തപാൽ വകുപ്പും റെയിൽവേയും അന്ന് അവരുടെ കുത്തകയായിരുന്നു. സായിപ്പു കൊടുത്തിട്ടു പോയ ചെറിയ സൗജന്യങ്ങൾ. പിന്നെയങ്ങോട്ട് സംസാരമായിരുന്നു. എന്നെക്കുറിച്ചു അറിയുന്നതിലുമുപരി അദ്ദേഹത്തിന്റെ വീരകഥകൾ കേൾപ്പിക്കുന്നതിലായിരുന്നു താല്പര്യം. ആ വാചാലതയ്ക്കു പിന്നിൽ രണ്ടെണ്ണം വീശിയതിന്റെ ഊർജവും ഉണ്ടായിരുന്നിരിക്കണം. അദ്ദേഹത്തിന്റെ ജോലിയാണ് രസകരം. മേഖല ആസ്ഥാനമായ സെക്കൻഡറാബാദിൽ നിന്ന് യാത്ര പുറപ്പെട്ടിട്ടു തിരികെയെത്താത്ത വാഗണുകൾ കണ്ടെത്തുന്ന പണിയാണ് – ഉദ്യോഗപ്പേര് വാഗൺ ട്രെയ്‌സെർ. കഥ കേൾക്കാൻ എനിക്ക് താല്പര്യം ആയി . വാഗണുകൾ എങ്ങെനെ നമ്പറുകളിടുമെന്നും റൂട്ട് നിശ്ചയിക്കുന്ന രീതിയുമൊക്കെ അയാൾ വിശദമായി പറഞ്ഞു. ഗുഡ്സ് ട്രെയിനുകളിൽ ഘടിപ്പിക്കുന്ന വാഗണുകൾ മാസങ്ങൾ കഴിഞ്ഞാവും തിരികെയെത്തുന്നത്. അങ്ങനെ മാസങ്ങൾ കഴിഞ്ഞിട്ട് വരാത്തവ തേടിയാണ് ഇദ്ദേഹം യാത്രയാവുന്നത്. എല്ലായിടത്തേക്കും ഫസ്റ്റ് ക്ലാസ്സിൽ സൗജന്യ യാത്ര. ഗസ്റ്റ് ഹൗസുകളിൽ ഉണ്ടുതാമസം. പക്ഷെ വാഗണും കൊണ്ടേ അദ്ദേഹം തിരികെ വരൂ. ഇന്ന് RFID ടാഗും, ജി പി എസും, കമ്പ്യൂട്ടറൈസ്ഡ് ട്രാക്കിംഗ് സിസ്റ്റവുമൊക്കെ ഉള്ളതുകൊണ്ട് ഓഫിസിൽ തന്നെയിരുന്നുകൊണ്ടു എല്ലാ വാഗണും കൃത്യമായി സ്ഥാനനിർണ്ണയം നടത്താനുള്ള സംവിധാനമുണ്ട്. പക്ഷെ അന്ന് ഇത് എങ്ങനെ സാധിക്കുന്നു? അസാമാന്യ മിടുക്കൻ തന്നെ എന്ന് തോന്നി. യാത്രാക്ഷീണം കൊണ്ട് പതുക്കെ ഉറങ്ങിപ്പോയ എന്നെ ഹൈദെരാബാദിലേക്കുള്ള ട്രയിൻ വരാറായപ്പോൾ അയാൾ തന്നെ വിളിച്ചെഴുനേൽപ്പിച്ചു. പിരിയുന്നതിനു മുൻപ് പറഞ്ഞു. “George! You know how do I track the lost wagons? When the wagon starts the journey I will wrongly tag a few of them.The wagon meant for Madras will go to Vizag and only I can trace it.” കള്ളച്ചിരിയോടെ അയാൾ നടന്നു നീങ്ങി. എങ്ങനുണ്ട് ബുദ്ധി? സർക്കാർ ജോലിയിൽ എന്തെല്ലാം സാധ്യതകൾ

Good to read about the good old times
LikeLike
Thank You Sunith
LikeLike