
ചർച്ച് മിഷൻ സൊസൈറ്റിയുടെ തിരുവിതാംകൂർ മിഷൻ പ്രവർത്തങ്ങളുടെ അവലോകനത്തിന് വേണ്ടി 1872 ൽ റവ. ജോൺ ബർട്ടൺ നടത്തിയ യാത്രകളുടെ വിവരണം.
സ്വതന്ത്രചുമതലയുള്ള രണ്ടു റസിഡന്റ് മിഷനറി മാരുടെ നേതൃത്വത്തിൽ തിരുവിതാംകൂറിലെ മിഷൻ പ്രവർത്തനങ്ങൾ വടക്കും തെക്കുമായി രണ്ടു മേഖലകളായി തിരിച്ചാണ് നടത്തി വരുന്നത്. ഇരുമേഖലകളിലെയും ജനങ്ങളുടെ സ്വഭാവത്തിലും തൊഴിലിലും കാര്യമായ വ്യത്യാസങ്ങൾ ഒന്നുമില്ല. ഈ പ്രദേശങ്ങളിലൊക്കെ സുറിയാനി ക്രിസ്ത്യാനികളുടെ ധാരാളം പള്ളികളും, ചിലയിടങ്ങളിൽ ഒട്ടും ദൂരെയല്ലാതെ തന്നെ അടുത്തകാലത്ത് സുറിയാനി വിഭാഗത്തിൽ നിന്ന് ആംഗ്ലിക്കൻ വിശ്വാസ മാർഗത്തിലേക്ക് വന്ന പ്രൊട്ടസ്റ്റന്റ് സുറിയാനികൾ എന്ന് നമ്മൾ വിശേഷിപ്പിക്കുന്നവരുടെ കൂട്ടായ്മകളും കാണാനുണ്ട്. ഇത്തരം കൂട്ടായ്മകളുടെ ചുമതലയുള്ള ഉപദേശിമാരുടെ ആസ്ഥാനത്തിനു ചുറ്റുപാടുമുള്ള അധഃകൃതരുടെ (slaves) വേറെ കൂട്ടായ്മകളും പലേടത്തും നടന്നു വരുന്നു.
അധഃകൃതരുടെ ഇടയിലുള്ള ഇത്തരം മിഷനറി പ്രവർത്തനങ്ങൾ തിരുവിതാംകൂറിനെ സംബന്ധിടത്തോളം താരതമ്യേന സമീപകാലത്ത് ആരംഭിച്ചതും വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഇവരുടെ ഇടയിൽ സുവിശേഷ വെളിച്ചം എത്തിക്കാനുള്ള ആദ്യശ്രമങ്ങൾ മിസ്റ്റർ റാഗ്ലൻഡിന്റെ നേതൃത്വത്തിൽ 1850 ൽ തന്നെ ആരംഭിച്ചെങ്കിലും ഉദ്ദേശിച്ച ഫലം കണ്ടെത്തിയില്ല. നായന്മാരുടെയും അസഹിഷ്ണുക്കളായ സുറിയാനിക്രിസ്ത്യാനികളുടെയും നിരന്തരമായ എതിർപ്പുകളായിരുന്നു ഇത്തരം നിസ്സഹായരായ മർദ്ദിതരുടെ ഉന്നമനത്തിനു വിഘാതമായി നിന്നിരുന്നത്. പത്തു പന്ത്രണ്ടു വർഷങ്ങളായി ഈ ദുസ്ഥിതിയിൽ നല്ല മാറ്റങ്ങൾ കണ്ടു തുങ്ങിയിട്ടുണ്ട്. നിരവധിയാളുകൾ വിശ്വാസ മാർഗത്തിലേക്ക് എത്തുന്നു.
മിഷൻ പ്രവർത്തങ്ങളുടെ ഫലമായി ഏതാണ്ട് പതിനയ്യായിരത്തോളം അധഃകൃതർ ആംഗ്ലിക്കൻ സഭയുടെ ഭാഗമായി. എന്നാൽ സുറിയാനികളുടെ ഇടയിൽ നിന്നുള്ള ഒഴുക്ക് ഏതാണ്ട് നിന്നുപോയെന്നു തന്നെ പറയാം. സുറിയാനി സഭയിനുള്ളിൽ തന്നെ വന്ന നവീകരണ ശ്രമങ്ങളാണ് ഇതിനു കാരണമെന്നു തോന്നുന്നു.
മറ്റു പല രാജ്യങ്ങളിലും സംഭവിച്ചതുപോലെ തിരുവിതാംകൂറിലെ മൂലവാസികളായ അധഃകൃത വർഗ്ഗത്തിൽ പെട്ടവരെ അധിനിവേശ സംസ്കാരം അടിമകളാക്കുകയായിരുന്നു. ഏതാണ്ട് രണ്ടായിരം വർഷങ്ങൾക്ക് മുൻപ് സംസ്കൃതം മാതൃഭാഷയായ ഹിന്ദുക്കൾ (സിന്ധു നദിക്കപ്പുറത്തു നിന്ന വന്നവരെന്ന അർത്ഥത്തിൽ) രാജ്യം മുഴുവൻ കയ്യടക്കുകയും തദ്ദേശ വാസികളെ പർവത പ്രദേശങ്ങളിലേക്കും വെള്ളക്കെട്ടുകളിലേക്കും ഓടിച്ചുവിടുകയും അവരെ അടിമകളാക്കി വെക്കുകയുമാണ് ഉണ്ടായിട്ടുള്ളത്. അങ്ങനെ രണ്ടുതരം ആദിവാസികളാണ് ഇന്ത്യയിൽ കാണപ്പെടുന്നത്. പർവ്വതങ്ങളിലും വനപ്രദേശങ്ങളിലും താമസമാക്കിയ സന്താൾ, ഭീൽ, ഗോണ്ട് തുടങ്ങിയ ഗോത്ര വർഗക്കാരും, ഡെക്കാൻ പ്രദേശത്തെ മോങ്, ആന്ധ്രയിലെ മാലിയ തിരുവിതാംകൂറിലെ അധഃകൃതർ തുടങ്ങിയ രണ്ടാമത്തെ വിഭാഗവും. ഈ രണ്ടാമത്തെ വിഭാഗത്തിൽപ്പെട്ടവർ അവരുടെ എല്ലാ തനതു സംസ്കാരവും നഷ്ടപ്പെട്ട് ഹിന്ദുമതത്തിന്റെ ഭാഗമായി. ഭാഷയും, വിശ്വാസങ്ങളും, സ്വാതന്ത്ര്യവും എല്ലാം എന്നേക്കുമായി നഷ്ടപ്പെട്ട് ഹിന്ദു മതത്തിൽ ലയിച്ചെങ്കിലും ശരീര പ്രകൃതിയിലും നിറത്തിലും വ്യത്യസ്തരായിരുന്ന ഇവരുടെ സ്ഥാനം ജാതി വ്യവസ്ഥയ്ക്ക് പുറത്തായിരുന്നു. നീചരും നികൃഷ്ടരുമായി കരുതിയിരുന്ന ഇവരുമായി ഹിന്ദു മതത്തിലെ ഏറ്റുവും താഴെയുള്ളവർ പോലും വിവാഹത്തിലേർപ്പെടുന്നത് സ്വപ്നത്തിൽ പോലും ചിന്തിക്കുകയില്ല. പുഞ്ചപ്പാടങ്ങൾക്കു നടുവിൽ ചെളി കുത്തിയെടുത്ത് നിർമ്മിച്ച മൺകൂരകളിൽ താമസിക്കുന്ന ഇവർ തങ്ങളുടെ ഹിന്ദു/സുറിയാനി യജമാനന്മാർക്കു വേണ്ടി രാപകൽ അദ്ധ്വാനിച്ചാലും പ്രതിഫലമായി ലഭിക്കുന്നത് അഷ്ടിക്ക് തികയാത്ത നെല്ല് മാത്രമാണ്. അതുകൊണ്ടു തന്നെ പട്ടിണി മൂലം രാത്രികലാലങ്ങളിൽ അയലത്തെ പറമ്പുകളിൽ നിന്ന്, തേങ്ങാ, വാഴക്കുല, മരച്ചീനി തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ മോഷണത്തിൽ ഏർപ്പെടുക പതിവായിരുന്നു. മഴക്കാലത്തു വെള്ളപ്പൊക്കവും പകർച്ചവ്യാധികളും മൂലം ഇവർ വളരെ ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു പോകുന്ന അവസ്ഥയുമുണ്ടായിരുന്നു.
കുറച്ചു കാലത്തിനു മുൻപ് വരെ തങ്ങളുടെ യജമാനന്മാർ ഇവരെ അടിമകളായി കണക്കാക്കി കന്നുകാലികളെപ്പോലെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന സമ്പ്രദായവും നിലനിന്നിരുന്നു. സുവിശേഷം ഇവർക്കു സുവാർത്തയായതിൽ ഒട്ടും അതിശയിക്കാനില്ല. മന്ത്രവാദവും ബാലികർമ്മങ്ങളും മറ്റുമായി ബാധകളെ ഒഴിപ്പിക്കാൻ പാടുപെട്ടിരുന്ന അവർക്ക് സത്യവിശ്വാസത്തിലെത്തപ്പെട്ടപ്പോൾ തങ്ങൾ ഏറ്റവും ഭയപ്പെട്ടിരുന്ന ഭൂത പ്രേത പിശാചുക്കളിൽ നിന്നുള്ള വിടുതൽ തന്നെ വലിയ ആശ്വാസമായി. നിലവിലെ ക്രിസ്ത്യൻ വിഭാഗക്കാരും ഹൈന്ദവരും മനുഷ്യരായിപ്പോലും കണക്കാക്കാൻ മടി കാണിച്ച ഇക്കൂട്ടർക്ക് സുവിശേഷം പുതിയ വെളിച്ചമായിരുന്നു. ക്രിസ്തു മാർഗത്തിലേക്ക് വന്നെങ്കിലും അവരുടെ പഴയ സ്വഭാവങ്ങൾ പൂർണ്ണമായും മാറിവരാൻ വീണ്ടും സമയമെടുത്തു. എന്നാലും കാര്യമായ വ്യത്യാസങ്ങൾ കണ്ടു തുടങ്ങിയെന്ന് അവരുടെ യജമാനന്മാർ തന്നെ സമ്മതിക്കുന്നു.
ഒരു സുറിയാനി ക്രിസ്ത്യാനി ജന്മി ഇങ്ങനെ പറയുന്നു: “സർ. നിങ്ങളുടെ ഈ ആളുകൾ വളരെ മാറിയിട്ടുണ്ട്. പണ്ടൊക്കെ കൊയ്ത്തുകാലത്തു ഞാൻ ഇവരുടെ മോഷണം തടയാൻ കാവലേർപ്പെടുത്താറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതിന്റെ ആവശ്യം ഇല്ല. ക്രിസ്തുമാർഗം സ്വീകരിച്ചു കഴിഞ്ഞ ഇവർ വിശ്വസ്തതയോടെ കാര്യങ്ങൾ നോക്കുന്നു. എന്റെ വിളവും കൂടിയിട്ടുണ്ട്.”
ഇക്കഴിഞ്ഞ ദിവസം ക്രിസ്തുമത തത്വങ്ങൾ പഠിപ്പിക്കുന്ന തദ്ദേശീയനായ ഒരു വ്യക്തി അന്യജാതിക്കാരനായ ഒരു നായരോട് മനുഷ്യരുടെ വ്യക്തിത്ത്വത്തെ മാനിക്കേണ്ട ആവശ്യകതെയെക്കുറിച്ചുള്ള സംസാരമദ്ധ്യേ ഈ അധഃകൃതരുടെ ദോഷവശങ്ങൾ ഊന്നി പറഞ്ഞപ്പോൾ പെട്ടെന്ന് തന്നെ ആ ഹൈന്ദവൻ അദ്ദേഹത്തിന് മറുപടിയായി പറഞ്ഞു.
“നിങ്ങൾ പറയുന്നത് ശരിയല്ല. ഒരിക്കൽ അവർ മോഷണവും കളവുമൊക്കെ നടത്തിയിരിക്കാം. ഇന്നവർ അങ്ങനെയല്ല. നിങ്ങളുടെ മാർഗത്തിൽ വന്നതിനു ശേഷം, അവർ കളവു പറയാറില്ല, മോഷ്ടിക്കാറില്ല, മദ്യപിച്ചു ലഹള കൂടാറില്ല.”

എന്റെ യാത്രക്കിടയിൽ ക്രിസ്തുമാർഗ്ഗത്തിലേക്കു വന്ന അധഃകൃതരുടെ പത്തോളം കൂട്ടായ്മകൾ സന്ദർശിക്കാനിടയായി. തീക്ഷ്ണമായ വ്യഗ്രതയും തുച്ഛമായ വരുമാനത്തിൽ നിന്ന് പള്ളി പണിയാനും, ഉപദേശിക്ക് സംഭാവന നല്കാനും മറ്റും കാണിക്കുന്ന അവരുടെ മനസ്സ് എടുത്തു പറയേണ്ടതുണ്ട്. സുറിയാനി കൃസ്ത്യാനികളായ അവരുടെ അയൽക്കാർ പലപ്പോഴും ഇക്കാര്യത്തിൽ വളരെ ലുബ്ധു കാണിക്കുന്നവരാണ്. ഇവരുടെ കുട്ടികളും എഴുത്തും വായനയും പഠിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇവരുടെ വരും തലമുറ അറിവിലും ബുദ്ധിയിലും തീർച്ചയായും മുന്നോക്ക ക്രിസ്ത്യാനികളുടെ നിലവാരത്തിലേക്കുയരാൻ നല്ല സാദ്ധ്യതയുണ്ട്. അതുകൊണ്ടു തന്നെ ഇവർക്ക് അഹംഭാവം വളരാൻ ഇട നൽകരുത് – പ്രത്യേകിച്ച് അടിമകളെയെല്ലാം ഗവണ്മെന്റ് സ്വതന്ത്രരായി പ്രഖ്യാപിക്കുകയും അധഃകൃതരുടെ പല അവശതകൾക്കും നിയമം മൂലം പരിഹാരം ലഭിക്കുകയും ചെയ്ത ഈ സാഹചര്യത്തിൽ അതിനുള്ള സാദ്ധ്യതകൾ കൂടുതലാണ്.
ഈ പ്രവർത്തനങ്ങൾ വളരെ പ്രതീക്ഷ നൽന്നവയായിരുന്നു. ഉദാസീനരും സ്വാർത്ഥരുമായ സുറിയാനി ക്രിസ്ത്യാനികൾക്ക് നമ്മുടെ പ്രവർത്തങ്ങൾ കൊണ്ട് സുവിശേഷ വെളിച്ചവും വിദ്യാഭ്യാസവുമൊക്കെ ലഭിച്ചെങ്കിലും തിരിച്ചൊരു കൈതാങ് നൽകുന്ന കാര്യത്തിൽ അവർ വളരെ മടി കാണിച്ചിരുന്നു. എങ്കിലും സുറിയാനികളിൽ നിന്നുള്ള ഉപദേശികളും വായനക്കാരും അധഃകൃതരുടെ ഇടയിൽ പ്രവർത്തിച്ചു തുടങ്ങിയപ്പോൾ ഇവർ തമ്മിലുള്ള ജാതിവ്യത്യാസം കുറെയൊക്കെ കുറഞ്ഞു വന്നു.
മിഷൻ പ്രവർത്തങ്ങളിലൊന്നും ഭാഗമാകാതെ മാറിനിന്ന സുറിയാനികൾക്കുള്ളിലും നമ്മുടെ പ്രവർത്തനങ്ങളുടെ പ്രതിഫലനമെന്ന നിലയിൽ വലിയൊരു ആൽമീയ ഉണർവുണ്ടാകുന്നത് കാണുവാനിടയായത് ചെറുതല്ലാത്ത ആത്‌മവിശ്വാസം നൽകി. ഒട്ടും ജ്ഞാനവും അറിവുമില്ലാത്ത കത്തനാരന്മാരാണ് (catanars) ഇവരെ നയിക്കുന്നതെങ്കിലും, അവിടെയും ഇവിടെയും ചിലരെങ്കിലും ഉണർവോടും ശുഷ്കാന്തിയോടും അലസരായ തങ്ങളുടെ സഹോദരങ്ങളെ ശരിയായ ക്രൈസ്തവ മാർഗത്തിലേക്ക് നയിക്കാൻ ശ്രമങ്ങൾ ചെയ്യുന്നുണ്ടെന്നുള്ളത് സന്തോഷം നൽകുന്നു.
അങ്ങനെ ഒരു വ്യക്തിയെ ഞാൻ കണ്ടുമുട്ടുന്നതും സംഭാഷണത്തിൽ ഏർപ്പെട്ടതും വളരെ പ്രോത്സാഹജനകമായിരുന്നു. പ്രൊട്ടസ്റ്റന്റ് വിഭാഗക്കാർക്ക് അംഗീകരിക്കാനാവാത്ത പല ഭാഗങ്ങളും ഒഴിവാക്കി അദ്ദേഹം ആരാധനക്രമം സുറിയാനിഭാഷയിൽ നിന്ന് മലയാളത്തിലേക്ക് (Malagalim) തർജ്ജമ ചെയ്തു സാധാരണക്കാർക്ക് വായിക്കാൻ ലഭ്യമാക്കിയിരുന്നു. നമ്മുടെ മിഷനറി ബെയിലി മലയാളത്തിലാക്കി ബൈബിൾ സൊസൈറ്റി അച്ചടിച്ച ബൈബിൾ ഇപ്പോൾ സുറിയാനികളുടെ പള്ളികളിൽ വായിക്കുകയും ചില കത്തനാർമാരെങ്കിലും . അതിനെ അടിസ്ഥാനമാക്കി പ്രസംഗിക്കാൻ ധൈര്യപ്പെടുകയും ചെയ്യുന്നുണ്ട്. ആരാധനക്രമം തർജ്ജമ ചെയ്ത മേല്പറഞ്ഞ കത്തനാർ തന്റെ വസതിക്കു സമീപം ഗ്രാമാതിർത്തിയിൽ, സുറിയാനിപ്പള്ളിയിൽ നിന്ന് ഏതാണ്ട് രണ്ടു മൈൽ അകലെ, സമീപവാസികളുടെ സഹായത്തോടെ ഒരു ആരധനാലയം നിർമ്മിക്കുകയും അവിടെ ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് ശേഷം അദ്ദേഹമോ മറ്റു സഹ കത്തനാരാരെങ്കിലുമോ കൂടിവരുന്ന ജനങ്ങൾക്ക് ബൈബിൾ വായിച്ചു വിശദീകരിച്ചു കൊടുക്കുക പതിവുണ്ടായിരുന്നു. തടിയിൽ തീർത്ത ഈ കെട്ടിടം വളരെ മനോഹരവും കൊത്തുപണികൾ ഉള്ളതും സ്വിറ്റസർലണ്ടിലെ ഉല്ലാസ വസതികളെ ഓർമ്മിപ്പിക്കുന്നതുമായിരുന്നു. പൂമുഖത്തു മലയാളത്തിൽ രണ്ടു ബൈബിൾ വചനങ്ങൾ ആലേഖനം ചെയ്തിരുന്നു.
” ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ .”
“ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.”
വേദപുസ്തക മർമ്മങ്ങൾ ഇവർ മനസ്സിലാക്കിയെന്നതിന് ഇതിനപ്പുറം തെളിവ് എന്തുവേണം. തിരുവിതാകൂറിലെ കഴിഞ്ഞ അമ്പതു വർഷത്തെ മിഷൻ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലമായി ഞാൻ ഇതിനെ കണക്കാക്കുന്നു.
സുറിയാനികളുമായുള്ള നമ്മളുടെ ബന്ധം അത്ര എളുപ്പമായിരുന്നില്ല. ആദ്യമൊക്കെ നമ്മളുടെ ഉപദേശങ്ങളെ അവർ പൂർണമായും ഉൾക്കൊണ്ടു. എന്നാൽ വേദപുസ്തക സത്യങ്ങൾ മനസ്സിലാക്കി കഴിഞ്ഞപ്പോൾ അവരുടെ ആരാധനാരീതികളും ജീവിത ക്രമവും നമ്മളുടേതുമായി ഒത്തു പോകുകയില്ലെന്നുള്ള തിരിച്ചറിവ് കാരണം പിന്നീട് അവർ അകന്നു പോകാനിടയായി. നമ്മളുടെ മിഷനറിമാരെ അവരുടെ പള്ളികളിൽ പ്രവേശിപ്പിക്കാത്ത സ്ഥിതി വിശേഷവുമുണ്ടായി. അടുത്ത ഏതാണ്ട് മുപ്പതു വർഷം നമുക്ക് പുറത്തു നിന്നുള്ള ഇടപെടലുകൾ മാത്രമേ നടത്താനായി സാധിച്ചിട്ടുള്ളു. ഇതിനിടയിൽ ചില ഇടവകകളൊക്കെ പൂർണമായി ആംഗ്ലിക്കൻ സഭയിലേക്കു വരികയും, ചില വ്യക്തികൾ സത്യത്തിലും ആൽമാവിലും വേദപുസ്തക വെളിച്ചത്തിൽ ദൈവത്തെ ആരാധക്കുന്നതിന് നമ്മുടെ മിഷനറിമാരുടെ സഹായം ആവശ്യമാണെന്ന് ബോധ്യപ്പെട്ട് നമ്മോടു ചേരുകയും ചെതിട്ടുണ്ട്.
എന്നാൽ കഴിഞ്ഞ പത്തു വർഷത്തോളമായി സുറിയാനി സഭയിൽ തന്നെ നവീകരണ പ്രസ്ഥാനം തുടങ്ങിയതിന്റെ വെളിച്ചത്തിൽ ഇപ്പോൾ അങ്ങനെ ആരും തന്നെ നമ്മളുമായി ബന്ധപ്പെടുന്നില്ല. ശരിയായ സത്യാരാധനക്കും വേദപുസ്തകാടിസ്ഥാനത്തിലുള്ള വിശ്വാസത്തിനും ഇപ്പോൾ സുറിയാനികൾക്കു സ്വാതന്ത്ര്യം ഉള്ളതുകൊണ്ട് നമുക്കും അവരെ ഇനി ഇങ്ങോട്ടു കൂട്ടേണ്ട ആവശ്യം ഇനിയും ഉണ്ടെന്നു തോന്നുന്നില്ല . ഇത്തത്തിലുള്ള ഒരു നവോത്ഥാനം സുറിയാനി സഭയിൽ വരുവാനുള്ള കാരണം മാർ അത്തനേഷ്യസ് എന്ന ആഡംബര പേരുള്ള ഇപ്പോഴത്തെ അവരുടെ മെത്രാനാണെന്നു നിസ്സംശയം പറയാം. മാവേലിക്കരയിൽ (Mavelicurra) നിന്നും കൊല്ലത്തേക്കുള്ള യാത്രാമദ്ധ്യേ കായംകുളത്തു വച്ച് (Kayen Kulum) ഒരു രാത്രി അദ്ദേഹത്തോടൊപ്പം അവിടത്തെ സുറിയാനി പള്ളിയോടു ചേർന്നുള്ള മേടയിൽ വച്ച് സംവദിക്കാനും ഇടപെടാനും അവസരം ലഭിച്ചു. ഓർമ്മയിൽ തങ്ങി നിൽക്കുന്ന മനോഹരമായ ഒരു സന്ധ്യയും കൂടികാഴ്ചയുമായിരുന്നു അത്. പാദം വരെ നീണ്ടു കിടക്കുന്ന ധൂമ്ര വർണ്ണത്തിലുള്ള സിൽക്ക് മേലങ്കിയും, നീണ്ട നരച്ച താടിയുമുള്ള അദ്ദേഹത്തിൻറെ പൂജനീയമായ മുഖം ആദിമ ക്രൈസ്ത കാലഘട്ടത്തെ ഓർമ്മപ്പെടുത്തും. പ്രൗഢമായ വസ്ത്രവും ആഡംബര സ്ഥാനപ്പേരുമൊക്കെ മാറ്റിനിർത്തിയാൽ വളരെ ലളിത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ആഹാരസാധനങ്ങളൊക്കെ ഞങ്ങൾ കരുതിയിരുന്നതുകൊണ്ടു ഞങ്ങൾക്ക് അദ്ദേഹത്തെ അതിഥിയാക്കി വിരുന്നൊരുക്കാൻ സാധിച്ചു.
ഭാഗ്യമെന്നു പറയട്ടെ മി.ഗ്രേയുടെ അധ്യക്ഷതയിലുള്ള നമ്മുടെ മദ്രാസിലെ സ്ഥാപനത്തിൽ പഠിച്ചിരുന്ന വ്യക്തിയായിരുന്നതുകൊണ്ട് അദ്ദേഹത്തിന് സാമാന്യം നല്ലവണ്ണം ഇംഗ്ലീഷ് സംസാരിക്കാൻ വശമുണ്ടായിരുന്നു. സുറിയാനി സഭയെക്കുറിച്ചു ഞങ്ങൾ ദീർഘനേരം സംസാരിച്ചു. തന്റെ ജനത്തിന്റെ ആൽമീയ പുരോഗതിയ്ക്കു വേണ്ടിയുള്ള അദ്ദേഹത്തിൻറെ ഉൽക്കടമായ ആഗ്രഹം എല്ലാവിധ സഹായവും അനുകമ്പയും അർഹിക്കുന്നതായിരുന്നു. തന്നെയുമല്ല സുറിയാനികൾ എക്കാലവും മേൽക്കോയ്മ അംഗീകരിച്ചിട്ടുള്ള മെസൊപൊട്ടേമിയയിലെ യാക്കോബായ സഭയിൽനിന്ന് കൈവെപ്പുള്ള മറ്റൊരു മെത്രാനും സഭാനേതാവായി നിലകൊള്ളുന്നത് ഇദ്ദേഹത്തിൻറെ സ്ഥിതി ബുദ്ധിമുട്ടും ആശങ്കയുളവാക്കുന്നതുമാക്കിയിരുന്നു. പക്ഷെ തിരുവിതാംകൂർ ഗവണ്മെന്റ് ഇതിനകം മാർ അത്തനേഷ്യസിനെ മെത്രാനായി അംഗീകരിച്ചു വിളംബരം ചെയ്തിരുന്നു. ഇതുവരെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തങ്ങൾ ശ്രദ്ധിച്ചാൽ തീർച്ചയായും തന്റെ സഭാജനങ്ങളെ നേരായ പാതയിൽ നയിക്കാനും സഭയിലെ നവോദ്ധാനത്തിനു നേതൃത്വം നൽകാനും അദ്ദേഹം സർവഥാ യോഗ്യനാണെന്ന കാര്യം നിസ്സംശയം മനസ്സിലാകും.
ഏതാണ്ട് സന്ധ്യമയങ്ങുമ്പോഴാണ് ഞങ്ങൾ അവിടെയെത്തിയത്. പള്ളികവാടത്തിൽ തന്നെ ഞങ്ങളെ സ്വീകരിക്കാനായി ഏഴെട്ടു കത്തനാര്മാരുണ്ടായിരുന്നു. കൂട്ടത്തിൽ ഈയിടെ ആദ്യ കുർബാന അർപ്പിച്ച മെത്രാന്റെ അനന്തിരവനും സന്നിഹിതനായിരുന്നു. നമ്മുടെ വിഭാഗത്തിൽ അച്ചനായ ശേഷം ആദ്യ പ്രസംഗം ചെയ്യുന്നതുപോലെ പ്രധാനമാണ് സുറിയാനി സഭയിൽ ആദ്യ കുർബാനയും . ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയ ഏതാണ്ട് അയ്യായിരത്തിലധികം ആളുകൾക്ക് മെത്രാന്റെ ചിലവിൽ ഭക്ഷണവും നൽകിയതായി അറിഞ്ഞു.
പിന്നീട് ഞങ്ങൾ ഗോവണി കയറി മെത്രാന്റെ ഓലമേഞ്ഞ മച്ചിട്ട ഔദ്യോഗിക വാസസ്ഥലത്തെത്തി. ഹസ്തദാനവും കുശലപ്രശ്‌നവുമൊക്കെ കഴിഞ്ഞപ്പോൾ അനന്തിരവൻ അച്ചൻ ഞങ്ങളെ സന്ധ്യാപ്രാർത്ഥനക്കു ലക്ഷണിച്ചു. ഒരു പക്ഷെ ഞങ്ങളോടൊപ്പമുണ്ടായിരുന്ന മിഷനറിയുടെ പ്രസംഗം കേൾക്കാനാണവണം അദ്ദേഹം നിരവധി പേരെ പ്രാർത്ഥനക്കു ക്ഷണിച്ചിരുന്നു. സുറിയാനിയിൽ നിന്ന് മലയാളത്തിലേക്ക് തർജ്ജമ ചെയ്ത ആരാധനാക്രമത്തിലെ ചില ഭാഗങ്ങൾ വാക്യം പ്രതിവാക്യമായി ചൊല്ലുന്നതായിരുന്നു പ്രാർത്ഥനയുടെ ആദ്യ ഭാഗം. അതിനു ശേഷം ആ ചെറുപ്പക്കാരനായ കത്തനാർ മിഷനറിയെ പ്രസംഗിക്കാൻ ക്ഷണിക്കുകയും, അദ്ദേഹം വേദപുസ്തകത്തിൽ നിന്ന് വാക്യമെടുത്തു വിശദമാക്കി സംസാരിക്കുകയും ചെയ്തു. മറ്റു കത്തനാര്മാരും ജനങ്ങളും സശ്രദ്ധം പ്രസംഗം ശ്രവിച്ചതിൽ നിന്ന് അവർക്കു വിഷയം നന്നേ ബോധിച്ചുവെന്നു കരുതുന്നു. സുറിയാനി സഭയിലെ കത്തനാര്മാര് വേദപുസ്തകം അടിസ്ഥാനപ്പെടുത്തി പ്രസംഗിക്കുന്നത് വളരെ അപൂർവ്വമായാണ് അതുകൊണ്ടു തന്നെ വല്ലപ്പോഴുമെത്തുന്ന ഒരു മിഷനറി അങ്ങനെ സംസാരിക്കുന്നതു അവർക്കു വളരെ പ്രിയതരമാണ്.
വളരെ ധനാഢ്യനായ ഒരു സുറിയാനി ക്രിസ്ത്യാനിയുടെ ഭവനം സന്ദർശിച്ചതാണ് രസകരമായ മറ്റൊരു സംഭവം. ആഢ്യത്വം തുളുമ്പുന്ന ആ കർഷകൻ ഞങ്ങളെ സ്നേഹാദരവുകളോടെ സ്വീകരിച്ചു. വിശ്രമിക്കാൻ മെത്തയും തലയിണയുമൊക്കെ ഒരുക്കി, വിഭാസമൃദ്ധമായ സദ്യയും നൽകി. ആഹാരം ഞങ്ങളുടെ കൈവശമുണ്ടായിരുന്നെങ്കിലും അദ്ദേഹം കരുതിയ ഭക്ഷണം ഞങ്ങൾ കഴിക്കണമെന്നു സ്നേഹപൂർവ്വം നിർബന്ധിച്ചു. ഞങ്ങൾക്കൊരുക്കിയ മുറി ഏതാണ്ട് ഇംഗ്ലീഷ് വേനൽക്കാല വസതി പോലെയുള്ളതായിരുന്നു. നിലത്തുനിന്നും നല്ല ഉയരത്തിൽ പലകകൾ വിരിച്ച തറയും ഓലമേഞ്ഞ മേൽക്കൂരയുമുള്ള കെട്ടിടം. നിറപ്പകിട്ടുള്ള പുൽപ്പായ വിരിച്ച ഒരു കിടക്കതന്നെയായിരുന്നു എനിക്കൊരുക്കിയ ഇരിപ്പിടം. തൊട്ടു താഴെ മിഷനറിയ്‌ക്കു ഇരിക്കാനായി ഒരു സ്റ്റൂൾ തയാറാക്കിയിരുന്നു. ആ സ്റ്റൂളിൽ ഇരുന്നു കൊണ്ട് അദ്ദേഹം മുറിക്കു വെളിയിൽ വൃക്ഷത്തണലിൽ ഇരിക്കുന്ന കുട്ടികളും മുതിർന്നവരും സഹിതം ഏതാണ്ട് നാല്പതോളം വരുന്ന ചെറു സംഘത്തോട് ‘റഷ്യൻ പ്രഭുവിന്റെയും ചെന്നായ്ക്കളുടെയും’ കഥ ഒരു ലഖുലേഘയിൽ നിന്ന് വായിച്ചു കൊടുക്കുകയുണ്ടായി. അല്പം കേൾവിക്കുറവുണ്ടായിരുന്ന വീട്ടുടമ വ്യക്തമായി കേൾക്കാനായി ഉപദേശിയുടെ തൊട്ടടുത്തുതന്നെ സ്ഥാനം പിടിയ്ക്കുകയും ഇടയ്ക്കു മൂളുന്നതും ചില കമന്റുകൾ പറയുന്നതും രസമായി തോന്നി.
യാത്രക്കിടയിൽ കൂട്ടായ്മയുംപള്ളിയുമൊക്കെ ഉള്ള മറ്റൊരു ഗ്രാമത്തിൽ ഏതാണ്ട് ഒരു മണിക്കൂർ തങ്ങുകയുണ്ടായി. അവിടെ ഞങ്ങളുടെ വരവറിയിച്ചുകൊണ്ടു കതിന വെടികൾ മുഴങ്ങി. ഇടവകക്കാർ ചേർന്ന് പഴയ ദേവാലയം പടിപ്പുരയുമൊക്കെയായി പുതുക്കി പണിഞ്ഞിരിക്കുന്നു. കൂടിയെത്തിയ അറുപതോളം ആളുകളോട് ഒരു ചെറു പ്രസംഗം നടത്തി. തുടർന്ന് അവർ പഴവും കാപ്പിയും നൽകി ഞങ്ങളെ സൽക്കരിച്ചു.
ഞങ്ങൾ പോയിടത്തൊക്കെ ഏതാണ്ട് ഇങ്ങനെ തന്നെയായിരുന്നു അനുഭവം. എല്ലാ സുറിയാനി പള്ളികളിലും അവരുടെ വീടുകളിലും അവർ സന്തോഷത്തോടെ ഞങ്ങളെ സ്വാഗതം ചെയ്തു. വേദപുസ്തകം വായിച്ചു കേൾക്കുന്നതും വചനം വ്യാഖാനിച്ചു പറയുന്നതും അത്യന്തം കൗതുകത്തോടെയാണ് അവർ ശ്രദ്ധിച്ചു വന്നത്.
ചുരുക്കി പറഞ്ഞാൽ സുറിയാനി ക്രിസ്ത്യാനികൾ വളരെ ദയാശീലരും ആതിഥ്യമര്യാദയുള്ളവരുമായിരുന്നത് കൊണ്ട് അവരോടു ഞാൻ കൂടുതൽ അടുക്കാൻ ഇടയായി. ഇവരെപ്പോലെ സൽക്കാരപ്രിയരായി ഞാൻ കണ്ടിട്ടുള്ളത് പലസ്തീനിലെ ഗ്രീക്ക് ഓർത്തഡോൿസ് വിഭാഗത്തിൽപ്പെട്ട സന്യാസി സമൂഹത്തിലാണ്. എന്നാലും മലബാറിലെ സുറിയാനി ക്രിസ്ത്യാനികളെയാണ് എനിക്കേറെയിഷ്ടം എന്ന് പറയേണ്ടിയിരിക്കുന്നു. മാവേലിക്കര മിഷൻ ആസ്ഥാനത്തിനു ചുറ്റുപാടുമുള്ള ഏതാണ്ട് അൻപതോളം പള്ളികളിലായി ഏതാണ്ട് ഒരു മാസക്കാലം നടത്തിയ സന്ദർശനങ്ങൾ അത്യന്തം രസകരമായ അനുഭവങ്ങളാണ് പകർന്നു നൽകിയത്.
(Translated by Mathew George from the original Project Canterbury)