
ഫ്രഞ്ച് എഴുത്തുകാരനായ ആൽബർട്ട് കാമുവിന്റെ വിശ്വപ്രസിദ്ധമായ നോവലാണ് “ദി പ്ലേഗ്”. 1940-കളിൽ അശനിപാതം പോലെ പടർന്നു പിടിച്ച മാരകരോഗമായ വിഷൂചികയെ തുടർന്ന് ഒരു പട്ടണം മൊത്തത്തിൽ ക്വാറന്റൈനിലാകുന്നു – അൾജീരിയയിലെ ഒറാൻ പട്ടണം. ഒരു സമൂഹംതന്നെ മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെടുകയാണ്. പുറംലോകവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കപ്പെടുന്ന സാഹചര്യത്തിൽ ജീവിതത്തിലെ നിരർത്ഥകതയും നിസ്സഹായതയുമാണ് നോവലിസ്റ്റ് തുറന്നുകാട്ടുന്നത്. ജനം ആകെ അസ്വസ്ഥരായി-വേണ്ടപ്പെട്ടവരെ കാണാൻ സാധിക്കുന്നില്ല, പൊതു ചടങ്ങുകളില്ല, ഒരു പട്ടണത്തിലെ ജനങ്ങൾ മുഴുവൻ വീടുകളിൽ അടയ്ക്കപ്പെട്ടു. പ്ലേഗിനേക്കാൾ അവരെ അസ്വസ്ഥരാക്കിയത് ഈ ഏകാന്ത തടവ് ആയിരുന്നു. അധികാരവും ഉന്നതപദവിയുമൊക്കെ പ്ലേഗ് എന്ന രോഗത്തിനു മുന്നിൽ കീഴടങ്ങുന്നു. മരണത്തിൽ നിന്ന് ആരും രക്ഷ പ്പെടുന്നില്ല. മരുന്നു കണ്ടുപിടിക്കാൻ ഒറാനിലെ ഡോക്ടർമാരും അവരെ പിന്താങ്ങുന്ന അധികാരവർഗ്ഗവും ശ്രമിക്കുന്നു.
ഇതിനിടയിൽ സ്ഥലവാസികളുടെ പാപങ്ങളാണ് ഈ വിപത്തിനു കാരണമെന്നുള്ള പാനിലക്സ് പാതിരിയുടെ പ്രസംഗം മുറിവിൽ മുളകരച്ചുതുപോലെയായി. തുടക്കം തന്നെ ഞെട്ടിക്കുന്നതായിരുന്നു. ” ഈ ദുരന്തം നിങ്ങൾ അർഹിക്കുന്ന ദൈവശിക്ഷയാണ്. ചരിത്രത്തിലെ ഇത്തരം ആദ്യ ദണ്ഡനം യഹോവ തന്റെ ശത്രുക്കളെ സംഹരിക്കാൻ അയച്ചയതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദൈവഹിതത്തിനെതിരെ പ്രവർത്തിച്ച ഫറവോനെ അവൻ മുട്ടുകുത്തിച്ചു . നിങ്ങൾ സ്വയം ആലോചിച്ചു നോക്കൂ. അവന്റെ സന്നിധിയിൽ മുഴങ്കാൽ മടക്കാതെ രക്ഷയില്ല. നീതിമാൻ ഭയക്കണ്ടതില്ല. പക്ഷെ പാപികൾ കരുതിയിരിക്കുക. വീശുമുറം അവന്‍റെ കയ്യില്‍ ഉണ്ടു; അവന്‍ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയില്‍ കൂട്ടിവെക്കയും പതിര്‍ കെടാത്ത തീയില്‍ ഇട്ടു ചുട്ടുകളകയും ചെയ്യും. ഇവിടെ കൂടുതലും പതിരാണ് ഞാൻ കാണുന്നത്; വിളിക്കപ്പെട്ടവരോ അനേകം, തിരഞ്ഞെടുക്കപ്പെട്ടവർ ചുരുക്കം. എങ്കിലും ഈ ദുരന്തം ദൈവം ആഗ്രഹിച്ചതാണെന്നു ഞാൻ കരുതുന്നില്ല. ഇത് നിങ്ങൾ ക്ഷണിച്ചു വരുത്തിയതാണ്. ദീർഘകാലം നിങ്ങൾ ദൈവത്തെ മറന്നു പാപത്തിൽ മുഴുകി, ദീർഘമായി അവൻ നിങ്ങളോടു ക്ഷമിച്ചു; അവന്റെ ദയയും കരുണയും നിങ്ങൾ ധാരാളമായി അനുഭവിച്ചു; ഒന്നും വിലക്കപ്പെട്ടതായി നിങ്ങൾ കണ്ടില്ല. അല്പം അനുതാപം മാത്രമേ വേണ്ടിയിരുന്നുള്ളു, എല്ലാ പാപങ്ങളും അവന്റെ മഹാ ദയയിൽ ഒഴുകിപ്പോയെനെ. അവൻ ദീർഘക്ഷമയുള്ളവൻ. കരുണ നിറഞ്ഞ കണ്ണുകളോടെ ഈ പട്ടണത്തെ അവൻ വളരെക്കാലമായി കരുതിക്കൊണ്ടിരുന്നു. നിങ്ങളോ അവനെ അനുസരിച്ചില്ല. അവൻ മുഖം തിരിച്ചതിൽ ആശ്ചര്യപ്പെടാൻ ഒന്നുമില്ല. ദിവ്യപ്രകാശം നമ്മളിൽ നിന്നെടുത്തു കളഞ്ഞു. ഇപ്പോൾ നാം ഈ മഹാദുരന്തത്തിന്റെ കൂരിരുട്ടിലായിപ്പോയി. ഇത് ആൽമപരിശോധനക്കും മനസാന്തരത്തിനുമുള്ള സമയമാണ്. ഞായറാഴ്ച പള്ളിയിൽ പോയിക്കഴിഞ്ഞാൽ ബാക്കിയുള്ള ദിവസങ്ങളിൽ എന്തുമാകാം എന്ന് നിങ്ങൾ കരുതി. ചടങ്ങിനു മാത്രം ചില പ്രാർത്ഥനകളൊക്കെ കഴിച്ചു ദൈവത്തെ കബളിപ്പിക്കാമെന്നു നിങ്ങൾ കരുതി. പക്ഷെ ദൈവം നിങ്ങളിൽ നിന്നും കൂടുതൽ ശ്രദ്ധയും കൂടുതൽ സമയവും ആഗ്രഹിച്ചു. നിങ്ങൾ അവനോടൊപ്പം ഉള്ളത്രയും സമയം അവൻ നിങ്ങളോടൊപ്പമാണെന്നു മറക്കരുത്. അവനുവേണ്ടി സമയം മാറ്റിവയ്ക്കുക. ദൈവ സ്നേഹം ലഭിപ്പാൻ ഈ ഒരൊറ്റ മാർഗ്ഗമേയുള്ളു വെന്നതും ഓർത്തുവയ്ക്കുക. നിങ്ങൾക്കായി വാതിൽ തുറന്നിട്ട് വഴിക്കണ്ണുമായി കാത്തിരുന്ന ക്ഷീണിച്ചവൻ പ്രതികാരമായി അയച്ച ശിക്ഷയാണ് ഇപ്പോൾ അനുഭവിക്കുന്നത്. പ്രിയപ്പെട്ടവരേ ചരിത്രം ഇത് തന്നെയാണ് നമ്മെ പഠിപ്പിക്കുന്നത്. അവനോടു മറുതലിച്ച ജനനത്തെയെല്ലാം ശിക്ഷിച്ച കഥകൾ – കയീനും അവന്റെ സന്തതികളും, സൊദോം ഗൊമോറയിലെ നിവാസികൾ, ഇയ്യോബും ഫറവോനും – ദൈവഹിതത്തിനെതിരെ ഹൃദയം കഠിനമാക്കിയവരുടെ കഥകൾ. പുറം ലോകവുമായി ബന്ധപ്പെടാനാകാതെ ഈ പട്ടണത്തിന്റെ വാതിലുകൾ അടയ്ക്കപ്പെട്ടു കഴിഞ്ഞപ്പോൾ നിങ്ങളും ഏതാണ്ട് അവരെപ്പോലെയായി. എന്തിനൊക്കെ മുൻഗണന കൊടുക്കണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. ഞാൻ എന്താണ് പറഞ്ഞു വരുന്നതെന്ന് അറിയാൻ നിങ്ങളിൽ പലർക്കും ആകാംക്ഷ ഉണ്ടാവും. ഒട്ടും സംശയം വേണ്ട ഈ കാർമേഘത്തിനുള്ളിലും ഞാൻ മിന്നുന്ന ശോഭ കാണുന്നു. പ്രതീക്ഷയുടെ രജത രേഖ. രക്ഷയുടെ ഇടുങ്ങിയ മാർഗ്ഗം ഇവിടെ തെളിയുന്നു. ദൈവത്തിന്റെ മഹാദയ നമ്മെ ഓർമിപ്പിക്കുന്നത് എല്ലാത്തിലും നന്മയും തിന്മയും, കോപവും ദയയും, ദുരന്തവും രക്ഷയും ഉണ്ടെന്നുള്ളതാണ്. മരണത്തിലേക്ക് തള്ളിവിടുന്ന ഈ മഹാമാരി രക്ഷയുടെ മാർഗം കൂടെയാണ്. നൂറ്റാണ്ടുകൾക്കു മുൻപ് അബിസ്സീനിയയിലെ ജനം നിത്യജീവനിലേക്കുള്ള വഴിയായാണ് പ്ലേഗിനെക്കണ്ടത്. രോഗം വരാത്തവർ പോലും മരിച്ചവരുടെ പുതപ്പുകൾ എടുത്തു സ്വയം മൂടി മരണത്തെ വരിക്കുമായിരുന്നു.അങ്ങനെ നിങ്ങൾ ചെയ്യണമെന്നല്ല ഞാൻ ഉദ്ദേശിക്കുന്നത്. അനാദികാലത്തിനു മുൻപുതന്നെ ഓരോരുത്തരുടെയും ജീവിതകാലം നിർണയപ്പെടുത്തിയിരിക്കുന്നു. അതിനു വിപരീതമായി മനുഷ്യൻ ചെയ്യുന്നതും ദൈവ വിരോധമാണ്. എങ്കിലും ആ അബിസ്സീനിയൻ വിശ്വാസികളുടെ തീക്ഷണത ഈ അവസരത്തിൽ നിങ്ങൾ മനസ്സിലാക്കണം. നമ്മുടെ യുക്തിക്കു നിരക്കാത്തതാണെങ്കിലും ദുരന്തങ്ങളുടെ ഇരുളിൽ വിശ്വാസത്തിന്റെ ഒരു ചെറുതരി വെട്ടമാണ് അത് നമ്മെ കാട്ടി തരുന്നത്… രക്ഷയിലേക്കു വഴി കാണിക്കുന്ന നേരിയ വെളിച്ചം….കൂരിരുൾ താഴ്വരയിൽ നിന്ന് ജീവന്റെ ഉറവയിലേക്കു നയിക്കുന്ന വെളിച്ചം….തിന്മയെ നന്മയാക്കുന്ന ദൈവത്തിന്റെ അദ്‌ഭുത പ്രവർത്തി. എന്റെ പ്രിയ ജനമേ, നമുക്ക് ദൈവം നൽകുന്ന ഏറ്റവും വലിയ സാന്ത്വനം ഇതാണ്. നിങ്ങൾ ഈ ദേവാലയത്തിന്റെ പടികൾ ഇറങ്ങി വീടുകളിലേക്ക് മടങ്ങുമ്പോൾ ഈ സന്ദേശം നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കട്ടെ. “
പാതിരിയുടെ “പാപത്തിന്റെ തിയറി” ഡോക്ടർ റിയോക്സിനെപ്പോലെ വിവരമുള്ളവർ പലരും എഴുതി തള്ളി. സ്വകാര്യ ശിക്ഷയല്ല മറിച്ച് ഇതൊരു സാമൂഹ്യ വിപത്താണെന്നവർക്കു ബോദ്ധ്യമായി. ഈ തിരിച്ചറിവ് രോഗ നിർമ്മാർജ്ജനത്തിനുള്ള നടപടികളുമായി മുന്നോട്ട് പോകുവാൻ അവർക്ക് ഊർജം പകർന്നു. പാപമെന്തെന്നു പോലുമറിയാത്ത ഒരു നിഷ്ക്കളങ്ക ബാലന്റെ ദയനീയ മരണത്തിനു സാക്ഷിയായ ഡോക്ടർ റിയോക്സ് പാതിരിയോട് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ചോദിക്കുന്നു. ഈ സംഭവം പാതിരിയുടെ വിശ്വാസത്തിന്റെ അടിത്തറയും പിടിച്ചുലയ്ക്കുന്നു. തുടർന്ന് നേരത്തെ ചെയ്ത പ്രസംഗത്തിലെ തിയറി തിരുത്തിക്കൊണ്ട് അദ്ദേഹം വീണ്ടും തന്റെ ജനത്തെ അഭി സംബോധന ചെയ്യാൻ മടിക്കുന്നില്ല.
“ വിശ്വാസത്തെ സംബന്ധിച്ചിടത്തോളം കടുത്ത പ്രതിസന്ധിയിലാണ് നാമിപ്പോൾ എത്തി നിൽക്കുന്നത്. വലിയ പരീക്ഷകളെയാണ് നാം നേരിടുന്നത്. ഒന്നുകിൽ എല്ലാം വിശ്വസിക്കുക അല്ലെങ്കിൽ എല്ലാം തള്ളിപ്പറയുക. മഹാമാരികളുടെ നടുവിലെ മതവിശ്വാസവും സാധാരണ സമയങ്ങളിലെ വിശ്വാസവും ഒന്നല്ലെന്നും പറയേണ്ടി വരുന്നു. സന്തോഷ കാലങ്ങളിൽ മനുഷ്യർ ആഹ്ലാദിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നുണ്ടാവും പക്ഷെ മഹാദുരന്തങ്ങൾ മനുഷ്യന്റെ സഹനങ്ങൾക്കപ്പുറമാവുന്നു. “ഒന്നുകിൽ എല്ലാം അല്ലെങ്കിൽ ഒന്നുമില്ല” ഇതാണ് ഇന്നത്തെ അവസ്ഥയിൽ ദൈവം നമ്മെ പഠിപ്പിക്കുന്ന ഏറ്റവും വലിയ പാഠം.ചില നൂറ്റാണ്ടുകൾക്കു മുൻപ് ഒരു ദൈവ നിഷേധി ശുദ്ധീകരണസ്ഥലം ഇല്ല എന്ന് വാദിച്ചു. ഒന്നുകിൽ സ്വർഗം അല്ലെങ്കിൽ നരകം, നിത്യരക്ഷ അല്ലെങ്കിൽ നരക ശിക്ഷ. ഈ അഭിപ്രായം ദൈവശാസ്ത്രത്തിനു നിരക്കുന്നതല്ല. ഒന്ന് നിർത്തിയിട്ടു വീണ്ടും പാനിലക്സ് പ്രസംഗം തുടർന്നു.”ഒന്നുകിൽ എല്ലാം” എന്ന് ഞാൻ പറഞ്ഞത് വാച്യാർത്ഥത്തിൽ നിങ്ങൾ എടുക്കരുത് – വെറും വിനയമോ, ത്യാഗമോ അല്ല അതുകൊണ്ടു ഞാൻ ഉദ്ദേശിച്ചത്. സ്വയം പരിപൂർണ്ണ സമ്മതം കൊടുത്ത ഒരുതരം നാണംകെട്ട കീഴടങ്ങൽ. ആ പിഞ്ചു ബാലന്റെ സഹനവും മരണവും നാണംകെട്ട കീഴടങ്ങൽ തന്നെ, ദൈവഹിതത്തിനു കീഴടങ്ങൽ. ഒരു ക്രിസ്ത്യാനിക്ക് ഇത്തരം ദുരന്തങ്ങളെ അങ്ങനെയേ നോക്കികാണാനാവൂ. എല്ലാം കണ്ണടച്ച് വിശ്വസിക്കുക. എല്ലാം നന്മയ്ക്കായി എന്ന് കരുതുക. ദുരന്തങ്ങൾ ദൈവ വിധികളായി കാണുക. ഫ്രാൻസിലെ അതിഭീകരമായ പകർച്ചവ്യാധിയിൽ എൺപത്തൊന്നു പുരോഹിതരടങ്ങുന്ന ഒരു മഠത്തിലെ അന്തേവാസികൾ ഒന്നൊന്നായി മരിച്ചു വീണപ്പോൾ അവസാനത്തെ നാലുപേരിൽ മൂന്നു പേരും അവിടന്ന് പലായനം ചെയ്തു. പക്ഷെ ഒരാൾ മാത്രം സധര്യം നിലകൊണ്ടു.” പ്രസംഗ പീഠത്തിൽ മുഷ്ടി ചുരുട്ടി ഇടിച്ചു കൊണ്ട് പാനിലക്സ് ശബ്ദമുയർത്തി തുടർന്നു: “നമ്മളോരോരുത്തരും അങ്ങനെയാവണം. എഴുപത്തേഴു സഹപ്രവർത്തകർ തൊട്ടരികിൽ മരിച്ചു വീണിട്ടും, മൂന്നു പേർ പലായനം ചെയ്തിട്ടും ഉറച്ചു നിന്ന ആ മനുഷ്യനെപ്പോലെ. ഈ ഇരുളിലും തപ്പി തടഞ്ഞാണെങ്കിലും നമ്മൾ മുൻപോട്ടു പോയെ മതിയാവൂ. വിഷൂചിക പടർന്നു പിടിച്ചപ്പോൾ എല്ലാ സാധന സാമഗ്രികളുമായി തന്റെ അരമനയിൽ രഹസ്യജീവിതത്തിനു ശ്രമിച്ച ഫ്രാൻസിലെ ബിഷപ്പിനെ ഈ അവസരത്തിൽ ഓർമ്മിക്കുന്നത് നല്ലതാണ്. രോഷാകുലരായ ജനം രോഗം വന്നു മരിച്ചവരുടെ ശവശരീരങ്ങൾ അരമന വളപ്പിലേക്ക് വലിച്ചെറിഞ്ഞു. സാധാരണക്കാരോടൊപ്പം നിൽക്കാതെ ഒറ്റപ്പെട്ടു രക്ഷപ്പെടാമെന്നു കരുതുന്നത് വിഡ്ഢിത്തമാണ്. ഈ മഹാമാരിയിൽ നിന്നും ആരും അങ്ങനെ രക്ഷപ്പെടാമെന്നു കരുതരുത്. നമ്മുടെ മുൻപിൽ രണ്ടു വഴികളെ ഉള്ളു – ദൈവത്തെ സ്നേഹിക്കുക അഥവാ ദൈവത്തെ വെറുക്കുക . ദൈവത്തെ വെറുക്കാൻ നമുക്ക് സാധിക്കുമോ? ഇത്തരം അവസരങ്ങളിൽ ഉരുത്തിരിയുന്ന ദൈവസ്നേഹം ആഴത്തിലുള്ളതാണ്. സ്വയം സമർപ്പിച്ച് അവന്റെ മുൻപിൽ കീഴടങ്ങുന്ന സ്നേഹം. നിഷ്കളങ്ക ബാലരുടെ മരണത്തെ ന്യായീകരിക്കാൻ ഇങ്ങനെയുള്ള ദൈവ സ്നേഹം ഉണ്ടെകിലേ സാധ്യമാവൂ. മനുഷ്യന്റെ ചിന്തകൾക്കപ്പുറമായ ദൈവസ്നേഹമാണത്. കയ്പുള്ളതാണെങ്കിലും ദൈവയിഷ്ടം നമ്മുടെ ഇഷ്ടമാകുന്ന ദൈവ സ്നേഹം. ഈ ഉറച്ച വിശ്വാസമാണ് എനിക്ക് നിങ്ങളോടു പങ്കു വെക്കാനുള്ളത്. അങ്ങനെ വിശ്വസിക്കുമ്പോൾ എല്ലാം ശരിയായ കള്ളികളിൽ വന്നു വീഴുന്നു. മനുഷ്യന്റെ കാഴ്ചപ്പാടിൽ ക്രൂരമെന്നു തോന്നാം, പക്ഷെ ദൈവം എല്ലാം ആത്യന്തികമായ നന്മക്കു ചെയ്യുന്നു. പ്രത്യക്ഷത്തിൽ അന്യായമെന്നു തോന്നുന്നിടത്തു സത്യത്തിന്റെ വെളിച്ചം പകർന്നു കിട്ടുന്നു. ഒരു പാപവും ചെയ്യാത്തവരുടെ മരണം ക്രിസ്ത്യാനിയെ ഒന്നുകിൽ ഒന്നും ചോദ്യം ചെയാത്ത മൂക വിശ്വാസിയാക്കുന്നു, അല്ലെങ്കിൽ കറതീർന്ന അവിശ്വാസിയും” .
രോഗത്തിനടിമപ്പെടുന്ന അദ്ദേഹം ഡോക്ടറെക്കാണാൻ കൂട്ടാക്കുന്നില്ല കയ്യിൽ ഇറുക്കിപ്പിടിച്ചു ക്രൂശിത രൂപവുമായി വിടചൊല്ലുന്ന പാതിരിയുടെ മരണകാരണം പ്ലേഗ് ആണോ എന്ന് സംശയമാണ്. “Doubtful Case” എന്നാണ് ഡോക്ടർ റിയോക്സ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. പല കഥാപാത്രങ്ങളുടെയും ജീവിത വീക്ഷണം മാറ്റി മറിക്കുന്നതാണ് പ്ലേഗിന്റെ ഇതിവൃത്തം. മഹാമാരി അടങ്ങുന്നതോടെയാണ് നോവൽ അവസാനിക്കുന്നത്. കഥാപാത്രങ്ങളുടെ ജീവിതഗതിയും അപ്പോഴേക്കും മാറി മറഞ്ഞു. ഉന്മാദത്തിലേക്കു നീങ്ങി തെരുവിലിറങ്ങി തലങ്ങും വിലങ്ങും വെടിയുതിർക്കുന്ന കൊട്ടാഡ്, രോഗത്തിൽ നിന്നും മുക്തി നേടി പുതുജീവിതത്തിലേക്കു പ്രവേശിക്കുന്ന ഗ്രാൻഡ്, മറ്റുള്ളവരെ മരണത്തിൽ നിന്നും രക്ഷിക്കുന്നുണ്ടെങ്കിലും അവസാനം മരണത്തിനു കീഴടങ്ങുന്ന റ്റാറൂ, വരെ പെട്ടന്ന് സാധാരണ ജീവിതതിലേക്കു മടങ്ങുന്ന പൊതുജനം. ദുരിതങ്ങളുടെയും അതിജീവനത്തിന്റെയും നാൾവഴികളുടെ കഥയാണ് ദി പ്ലേഗ് .